കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി; ഏപ്രിൽ 9ന് വോട്ടെടുപ്പ്, മെയ് 4ന് ഫലം
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ തീയതികൾ പ്രഖ്യാപിച്ചത്.
കേരളത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ് നടക്കും. മെയ് 4നാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടത്തുന്നത്.
കേരളത്തിൽ ആകെ 2.70 കോടി വോട്ടർമാരുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതിൽ 4.24 ലക്ഷം പേർ പുതിയ വോട്ടർമാരാണ്. സംസ്ഥാനത്ത് 100 വയസിന് മുകളിലുള്ള 1,571 വോട്ടർമാരുമുണ്ട്.
വോട്ടെടുപ്പിനായി സംസ്ഥാനത്ത് 30,471 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കും. തിരഞ്ഞെടുപ്പ് വലിയ ജനാധിപത്യ ഉത്സവമാണെന്നും എല്ലാവരും അതിൽ പങ്കാളികളാകണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ധ്യാനേഷ് കുമാർ ആവശ്യപ്പെട്ടു. സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും കമ്മീഷൻ അറിയിച്ചു.
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയതായും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.