എമ്പൂരാൻ മലയാളത്തിന്റെ തമ്പുരാൻ; കൊലമാസ് സിനിമ, അമ്പോ ഹോളിവുഡ് മാറിനിൽക്കും; റിവ്യൂ വായിക്കാം
ബാഹുബലിയും കെജിഎഫും കാന്താരയുമെല്ലാം കേരളത്തിലെ സ്‌ക്രീനിൽ വന്ന് ആഘോഷമാക്കിയപ്പോൾ കേരളത്തിലെ സിനിമാസ്വാദകരും കൊതിച്ചിട്ടുണ്ടാവും ഇതുപോലൊന്ന്മലയാളത്തിലും വന്നിരുന്നെങ്കിൽ എന്ന്. കൊതിച്ചതിനേക്കാൾ വലുതാണ് എംപൂരാന്റെ രൂപത്തിൽ മലയാളിക്ക് കിട്ടിയത്. വേൾഡ് ക്ലാസ്സ് മൂവി എന്നാണ് സിനിമ കണ്ടിറങ്ങിയ മിക്ക ആളുകളും ഒരേ സ്വരത്തിൽ പറഞ്ഞത്.
ഒരുപക്ഷേ അടുത്തകാലത്തൊന്നും ഒരു മലയാളി പ്രേക്ഷകൻ ഒരു മലയാളസിനിമയ്ക്കുവേണ്ടി ഇതുപോലെ കാത്തിരുന്നിട്ടുണ്ടാവില്ല. അഞ്ചുവർഷത്തോളമാകുന്നു എംപൂരാന്റെ ആദ്യപ്രഖ്യാപനം വന്നിട്ട്. പിന്നീട് ഓരോ ദിവസവും എണ്ണിയെണ്ണി കാത്തിരിക്കുകയായിരുന്നു ഓരോ ശരാശരി സിനിമാ പ്രേമിയും.
ഒടുവിൽ റിലീസ് തീയതി പ്രഖ്യാപിച്ചപ്പോൾ നേരത്തേപറഞ്ഞ കാത്തിരിപ്പ് അക്ഷമയ്ക്ക് വഴിമാറി.പൃഥ്വിരാജും മുരളി ഗോപിയും ഒപ്പം മോഹൻലാലെന്ന സൂപ്പർതാരവും ചേർന്നൊരുക്കിയ ആ അഭ്രകാവ്യം ഒടുവിൽ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്, മോസ്റ്റ് ആന്റിസിപ്പേറ്റഡ് എന്ന വിശേഷണത്തെ അക്ഷരാർത്ഥത്തിൽ തുറന്നുകാട്ടിത്തന്നുകൊണ്ട്.
അന്യഭാഷാ ചിത്രങ്ങളിലൂടെ മാത്രം കണ്ടുവന്ന മേക്കിങ് സ്റ്റൈൽ മലയാളത്തിലും പറ്റുമെന്ന് തെളിയിക്കുകയാണ് പൃഥ്വിരാജ് ഈ ചിത്രത്തിലൂടെ ചെയ്തത്. ഖുറേഷി അബ്രാമിനേയും സയ്ദ് മസൂജദിനേയും അവരെ ചുറ്റിപ്പറ്റിയുള്ള നിഗൂഢമായ ലോകത്തേയുമാണ് എമ്പുരാനിൽ കാണിക്കുന്നത്. എബ്രാമിന് ആരാണ് സയിദ് മസൂദെന്നും തിരിച്ചും വ്യക്തമാക്കപ്പെടുന്നുണ്ട് എമ്പുരാനിൽ.
ശക്തമായ തിരക്കഥ അതിനേക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന മേക്കിങ് എന്നുവേണം എമ്പുരാനെക്കുറിച്ച്പറയാൻ. ഒരു സംവിധായകന് തന്റെ ചിത്രത്തിന്മേലുള്ള കാഴ്ചപ്പാട് എന്തായിരിക്കണമെന്ന് എമ്പുരാനിലെ പല രംഗങ്ങളും കാണിച്ചു തരുന്നു. ആദ്യഭാഗമായ ലൂസിഫറിനെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ വലുതായിട്ടുണ്ട് ചിത്രത്തിന്റെ ക്യാൻവാസും പ്രധാനസംഭവങ്ങൾ നടക്കുന്ന പശ്ചാത്തലവും.
എമ്പുരാനെ വിശ്വസനീയമായി അവതരിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും ആയിട്ടുണ്ട്. പൊതുവേ വിദേശരാജ്യങ്ങളിൽ ചിത്രീകരിക്കുന്ന മലയാള സിനിമകൾ സ്ക്രീനിൽ കാണുമ്പോൾ ഒരുതരം അപരിചിതത്വം പ്രേക്ഷകരിൽ തോന്നാറുണ്ട്. എന്നാൽ ആ ഒരു പരിമിതി എമ്പുരാൻ വിജയകരമായി മറികടന്നിട്ടുണ്ട്.
ഓരോ കഥാപാത്രങ്ങളേയും ഖുറേഷി എബ്രാം എന്ന കഥാപാത്രവുമായി ബന്ധിപ്പിച്ചിരിക്കുന്നതും വളരെ ശ്രദ്ധേയമാണ്. അവരുടെ കാഴ്ചപ്പാടിൽ ആരാണ് ഖുറേഷി എബ്രാം എന്ന് പറയുന്നിടത്താണ് സിനിമയുടെ ആകാംക്ഷ കൂടുന്നത്. പൊതുവേ അന്യഭാഷാ സിനിമകളിൽ നായകനെ മറ്റുകഥാപാത്രങ്ങളുടെ വാക്കുകളിലൂടെ അവതരിപ്പിക്കുന്ന എലിവേഷൻ എന്ന സംഗതിയെ എമ്പുരാനിൽ മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഓരോ കഥാപാത്രങ്ങളുടേയും വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും സ്റ്റീഫൻ എന്ന എബ്രാമിനെ വളരെ ആകാംക്ഷ ജനിപ്പിക്കുന്ന കഥാപാത്രമായി മാറ്റിയിരിക്കുകയാണ് സംവിധായകൻ.
സ്വദേശ-വിദേശ താരങ്ങളുടെ നീണ്ടനിരയാണ് ചിത്രത്തിൽ. എന്നാൽ ഇവർ ഓരോരുത്തർക്കും അവരവർ ചെയ്യേണ്ട ജോലി എന്താണെന്ന് കൃത്യമായി എഴുതിവെച്ചിട്ടുണ്ടെന്ന് സിനിമയിൽ വ്യക്തമാണ്. ഒരു പ്രത്യേക കഥാപാത്രത്തെ ചൂണ്ടിക്കാട്ടി ഇങ്ങനെയൊരാൾ എന്തിനായിരുന്നെന്ന് ചോദിച്ചാൽ അതിനൊക്കെ കൃത്യം ഉത്തരമുണ്ട്.
ഖുറേഷി എബ്രാം അഥവാ സ്റ്റീഫൻ നെടുമ്പള്ളിതന്നെയാണ് എമ്പുരാന്റെയും നെടുംതൂൺ എന്നു പറയാം. നിമിഷങ്ങൾ മാത്രം വന്നുപോകുന്ന ഒരു സ്‌റ്റൈലിഷ് ലുക്കിൽ സ്റ്റീഫനെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ലൂസിഫർ അവസാനിപ്പിച്ചത്. അന്ന്പ്രേക്ഷകർ ചോദിച്ച ഒരു ചോദ്യമായിരുന്നു ഈ ലുക്കിൽ ഒരു മുഴുനീള പടം വന്നാൽ നല്ലതായിരിക്കില്ലേ എന്ന്. എന്നാൽ പ്രേക്ഷകരുടെ ആ ചോദ്യം പൃഥ്വിരാജും സംഘവും കേട്ടിട്ടുണ്ട് എന്ന് തന്നെ നിസ്സംശയം പറയാം.
കാരണം ചിത്രത്തിൽ മോഹൻലാൽ എന്ന താരത്തെ പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്ന രീതിയെ അതിഗംഭീരം എന്നല്ലാതെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. അടുത്തകാലത്തൊന്നും ഒരു മലയാളി താരത്തിന് ഇത്രയേറെ ശക്തമായ എലിവേഷൻ കിട്ടിയിട്ടില്ലെന്നുതന്നെ പറയാം. പൃഥ്വിരാജിനും സിനിമയിൽ നിറഞ്ഞാടാൻ രംഗങ്ങളേറെയുണ്ടായിരുന്നു.
ഒരു കൊലമാസ് ചിത്രം സംവിധാനംചെയ്ത് അതിൽ മുഖ്യകഥാപാത്രങ്ങളിലൊന്നായി എത്തുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. എന്നാൽ ആ വെല്ലുവിളി ഇവിടെ പൃഥ്വിരാജ് എന്ന നടനും സംവിധായകനും നിഷ്പ്രയാസം മറികടന്നിട്ടുണ്ടെന്ന് പറയാം. സയിദ് മസൂദും സ്റ്റീഫനും ഒരുമിച്ചെത്തുന്ന രംഗങ്ങൾ കയ്യടിയർഹിക്കുന്നത് തന്നെയാണ്.
കഥാപാത്രങ്ങളിലേക്കുവന്നാൽ മഞ്ജു വാര്യരിൽ നിന്നു തന്നെ തുടങ്ങാം. ലൂസിഫറിൽ തളർന്നുനിൽക്കുന്ന പ്രിയദർശിനി രാംദാസിനെയാണ് കണ്ടതെങ്കിൽ എമ്പുരാനിലേക്കെത്തുമ്പോൾ വർധിതവീര്യത്തോടെ തലയുയർത്തിനിൽക്കുന്ന അതേ കഥാപാത്രത്തെ നമുക്ക് കാണാം. പ്രിയദർശിനിയുടെ പുതിയൊരു ഷെയ്ഡ് എന്നും പറയാം.
ടൊവിനോ തോമസിന്റെ കഥാപാത്രത്തിലേക്ക് വരികയാണെങ്കിലും ലൂസിഫറിൽനിന്നുള്ള മാറ്റംശ്രദ്ധേയമാണ്. ഇത്തവണ ഇന്ദ്രജിത്തിന്റെ ഗോവർധൻ എന്ന കഥാപാത്രവും സസ്പെൻസ് ഘടകങ്ങൾ നിറഞ്ഞ കഥാപാത്രംതന്നെ. വില്ലനായെത്തിയ കഥാപാത്രവും ആ കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നതും അഭിനന്ദനാർഹംതന്നെ. സുരാജ് വെഞ്ഞാറമ്മൂട്, ബൈജു, ജെറോം ഫ്ളിൻ, സായികുമാർ, ശിവജി കുരുവായൂർ, നന്ദു, സച്ചിൻ ഖെഡേക്കർ തുടങ്ങി സ്ക്രീനിലെത്തിയവരെല്ലാം അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലർത്തുന്ന പ്രകടനം കാഴ്ചവെച്ചു.
അണിയറപ്രവർത്തകരേക്കുറിച്ചും രണ്ടുവാക്ക് പറയാതെ വയ്യ. സംഗീത സംവിധായകനായ ദീപക് ദേവിൽനിന്ന് തുടങ്ങാം. ലൂസിഫറിൽ കേൾപ്പിച്ചതെല്ലാം സാമ്പിൾ മാത്രമാണെന്നുവേണം രണ്ടാംഭാഗത്തിലൂടെ മനസിലാക്കാൻ. ഖുറേഷിയും സയിദ് മസൂദും ഒരുമിക്കുന്ന രംഗങ്ങളിലെ പശ്ചാത്തല സംഗീതത്തിന് കയ്യടിക്കാതെ വയ്യ. സിന്ദ സിന്ദ എന്ന ഗാനത്തിന്റെ തിയേറ്റർ അനുഭവവും പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്നു. സുജിത് വാസുദേവ് പകർത്തിയ ദൃശ്യങ്ങൾ ഹോളിവുഡ് നിലവാരമുള്ളതായിരുന്നു. സ്റ്റണ്ട് സിൽവയും സംഘവും ഒരുക്കിയ സംഘട്ടനരംഗങ്ങളും മലയാള സിനിമയിൽ പുതിയ അനുഭവം തന്നെയാണ്. ഇങ്ങനെയൊരു ചിത്രം ഒരുക്കാൻ ധൈര്യം കാണിച്ച ആന്റണി പെരുമ്പാവൂരിനും ചിത്രം പ്രേക്ഷകർക്കുമുന്നിലെത്തിച്ച ഗോകുലം മൂവീസിനും കയ്യടിക്കാം.
മലയാളിക്ക്കാത്തുകാത്തിരുന്ന് കിട്ടിയ നിധി തന്നെയാണ് എമ്പുരാൻ. ഒരുവട്ടം കണ്ട് മറക്കാവുന്ന ചിത്രവുമല്ല. ഓരോ തവണ ആലോചിക്കുമ്പോഴും പുതിയ ലെയറുകൾ, പുതിയ അർത്ഥതലങ്ങളും വിശദീകരണങ്ങളും പ്രേക്ഷകനിൽ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്ന ചില ചിത്രങ്ങളുണ്ട്. അക്കൂട്ടത്തിൽ മുൻനിരയിൽത്തന്നെ ഇനി എമ്പുരാനുമുണ്ടാവും. ഏതുനാട്ടിലെ പ്രേക്ഷകരോടും ഇനി മലയാളികൾക്ക് പറയാം. ഞങ്ങൾക്കൊരു എമ്പുരാനുണ്ടെന്ന്, ഒരു പാൻ വേൾഡ് ചിത്രമുണ്ടെന്ന്. മസ്റ്റ് വാച്ചാണ് എമ്പുരാൻ.
empuraan-worldwide-release-theatre-reaction